
ആദിത്യ ബിര്‍ള സണ്‍ലൈഫ് മ്യൂച്വല്‍ ഫണ്ട് രണ്ട് ഡെറ്റ് സ്‌കീമുകളിലേക്ക് പുതിയ നിക്ഷേപം സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചു. മീഡിയം ടേം ഫണ്ട് , ക്രെഡിറ്റ് റിസ്‌ക് ഫണ്ട് എന്നീ ഡെറ്റ് അധിഷ്ഠിത സ്‌കീമുകളുടെ വിതരണമാണ് അവസാനിപ്പിച്ചത്. മെയ് 22 മുതല്‍ ഈ രണ്ട് സ്‌കീമുകളിലേക്കും പുതിയ നിക്ഷേപം സ്വീകരിക്കേണ്ട എന്നാണ് കമ്പനിയുടെ തീരുമാനം. രണ്ട് സ്‌കീമുകളിലെയും നിലവിലുള്ള നിക്ഷേപകര്‍ക്ക് ഗുണകരമാകുന്നതിന് വേണ്ടിയാണ് ഈ നീക്കമെന്ന് ഫണ്ട് ഹൗസ് പറഞ്ഞു.
പുതിയ നിക്ഷേപം സ്വീകരിക്കുന്നത് താത്കാലികമായി മാത്രമാണ് അവസാനിപ്പിച്ചിരിക്കുന്നത്. കമ്പനിയുടെ ഫണ്ടുകളില്‍ ഗണ്യമായ നേട്ടം ഉണ്ടായിട്ടുണ്ടെന്നും അത് വരും മാസങ്ങളില്‍ നിലവിലെ നിക്ഷേപകര്‍ക്ക് മനസിലാകും എന്നും ആദിത്യബിര്‍ള സണ്‍ലൈഫ് മ്യൂച്വല്‍ ഫണ്ടിന്റെ സിഇഒ പറഞ്ഞു.
ഈ ഫണ്ടുകളിലേക്ക് കൂടുതല്‍ നിക്ഷേപം സ്വീകരിച്ച് നിലവിലെ നിക്ഷേപകര്‍ക്ക് ലഭിക്കേണ്ട നേട്ടത്തില്‍ കുറവുണ്ടാക്കാന്‍ ആഗ്രഹിക്കാത്തിനാല്‍ ആണ് ഈ ഫണ്ടുകളിലേക്ക് പുതിയ നിക്ഷേപം സ്വീകരിക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചതെന്ന് കമ്പനി പറഞ്ഞു. ഈ രണ്ട് ഫണ്ടുകളില്‍ പുതിയ നിക്ഷേപം നടത്തുന്നത് നിര്‍ത്തലാക്കിയതിന് പുറമെ സ്വിച്ച് ഇന്‍ അപേക്ഷകളും സിസ്റ്റമാറ്റിക് പ്ലാനുകളുടെ പുതിയ രജിസ്ട്രേഷനും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെച്ചിട്ടുണ്ട്.
അതേസമയം നിലവിലുള്ള നിക്ഷേപകര്‍ക്ക് ആവശ്യമെങ്കില്‍ ഈ ഫണ്ടുകളില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നതിന് തടസ്സം ഉണ്ടായിരിക്കില്ല. ആദിത്യ ബിര്‍ള സണ്‍ലൈഫ് മീഡിയം ടേം ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 2,401 കോടി രൂപയും ആദിത്യ ബിര്‍ളസണ്‍ലൈഫ് ക്രഡിറ്റ് റിസ്‌ക് ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 2,576 കോടി രൂപയുമാണ്.